Imam Gazzali | Other Books

Author's Profile

Imam Gazzali

ഇസ്‌ലാമിക തത്ത്വചിന്താചരിത്രത്തില്‍ അനന്യമായ സ്‌ഥാനം വഹിക്കുന്ന പണ്ഡിതനാണ്‌ ഇമാം ഗസ്സാലി. വിജ്ഞാനത്തിന്റെ വൈപുല്യവും ചിന്തയുടെ മൗലികതയും അധ്യാപനങ്ങളുടെ സ്വാധീനവും ഇമാം ഗസ്സാലിയെ ഇതര പണ്‌ഡിതന്മാരില്‍ ഉന്നതശീര്‍ഷനാക്കുന്നു. ഹുജ്ജത്തുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ തെളിവ്‌), സെയ്‌നുദ്ദീന്‍ (മതത്തിന്റെ അലങ്കാരം) എന്നീ അപരാഭിധാനങ്ങളാല്‍ വിശ്രുതനാണ്‌ ഇമാം ഗസ്സാലി. അബൂഹാമിദ്‌ മുഹമ്മദ്‌ബ്‌നു മുഹമ്മദ്‌ബ്‌നു മുഹമ്മദ്‌ബ്‌നു ത്വാഊസ്‌ അഹ്‌മദ്‌ അല്‍ ത്വൂസി അശ്ശാഫിഈ എന്നാണ്‌ മുഴുവന്‍പേര്‌. ഗസ്സാലി എന്നത്‌ കുടുംബപ്പേരാണ്‌. നൂല്‍നൂല്‍ക്കുന്നവര്‍ എന്നാണ്‌ ഈ പേരിനര്‍ത്ഥം. 450/1058ല്‍ ത്വൂസ്‌ നഗരത്തിലെ ത്വബറാന്‍ ഗ്രാമത്തിലാണ്‌ ഇമാം ഗസ്സാലിയുടെ ജനനം. ഖുറാസാനിലെ ആധുനിക മശ്‌ഹദ്‌ നഗരത്തിനു സമീപമാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്‌തിരുന്നത്‌. അബൂഹാമിദ്‌ അല്‍ ഗസ്സാലി (മ.435/1043) എന്നുതന്നെ പേരുള്ള ഒരു മൂത്തമ്മാവനുണ്ടായിരുന്നു. അല്‍ഗസ്സാലി അല്‍കബീര്‍ എന്ന പില്‍ക്കാല ചരിത്രകാരര്‍ വിശേഷിപ്പിച്ച അദ്ദേഹമായിരുന്നു ഗസ്സാലിയുടെ മനസ്സിലുണ്ടായിരുന്ന മാതൃക എന്ന്‌ കരുതാവുന്നതാണ്‌. ഗസ്സാലിയുടെ പിതാവും വളരെ പ്രസിദ്ധനായിരുന്നു. പക്ഷേ, ഗസ്സാലിയുടെ ചെറുപ്രായത്തില്‍ത്തന്നെ അദ്ദേഹം മരിച്ചു. മാതാവും പിതാമഹനുമാണ്‌ ഗസ്സാലിയെ വളര്‍ത്തിയത്‌. 
ശെയ്‌ഖ്‌ അഹ്‌മദ്‌ റിള്വാഖാനീയുടെ കീഴില്‍ പ്രാഥമികപഠനങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം സ്വദേശം വിട്ട അല്‍ഗസ്സാലി ജൂര്‍ജാനില്‍ ചെന്ന്‌ ഇമാം അബൂ നസ്വ്‌ര്‍ അല്‍ ഇസ്‌മാഈലിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഗുരുമുഖത്തുനിന്ന്‌ എഴുതിയെടുത്ത കുറിപ്പുകള്‍ സ്വഗൃഹത്തിലേക്കുള്ള യാത്രാമധ്യേ ഒരു തസ്‌കരന്റെ കൈയില്‍ അകപ്പെട്ടു. അവ മടക്കിക്കൊടുക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ `ഒരു തുണ്ട്‌ കടലാസ്‌ നഷ്ടപ്പെടുമ്പോഴേക്ക്‌ പാഴായിപ്പോവുന്നതാണോ തന്റെ വിജ്ഞാനം' എന്നു തസ്‌കരന്‍ ചോദിച്ചു. പഠിക്കുന്നതെന്തും ഹൃദിസ്ഥമാക്കാന്‍ ഇമാം തീരുമാനമെടുത്തത്‌ പ്രസിദ്ധമായ ഈ സംഭവത്തോടെയാണ്‌. 
യാത്രകളില്‍ അദ്ദേഹം ഗ്രന്ഥരചന നടത്തുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ജറുസലേമില്‍ വച്ച്‌ എഴുതിയ `അര്‍രിസാലഃ അല്‍ഖുദ്‌സിയഃ' എന്ന കൃതിയാണ്‌ ഇമാമിനു സിദ്ധിച്ച വിശ്വാസദാര്‍ഢ്യത്തിലേക്കു വിരല്‍ചൂണ്ടുന്ന പ്രഥമ രചന. `ഇഹ്‌യാഉ ഉലൂമിദ്ദീന്‍' എന്ന ബൃഹത്‌ഗ്രന്ഥത്തിനു പുറമെ മറ്റു കൃതികളും യാത്രാവേളകളില്‍ ഇമാം എഴുതിക്കൊണ്ടിരുന്നു. തനിക്കു ചുറ്റുമുള്ള അവിശ്വാസത്തെയും മതപരിത്യാഗത്തെയും അന്യചിന്താഗതികളെയും ഖണ്ഡിക്കുകയും ജനങ്ങളെ യഥാര്‍ഥ പന്ഥാവിലേക്ക്‌ ആനയിക്കുകയും ചെയ്യേണ്ടത്‌ തന്നിലര്‍പ്പിതമായ ബാധ്യതയാണെന്നദ്ദേഹം കരുതി. ഗ്രന്ഥരചനയും പ്രഭാഷണവും അതിനുള്ള മാര്‍ഗമായി അദ്ദേഹം സ്വീകരിച്ചു. നബിവചനങ്ങള്‍ പഠിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജനസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവ ഉപയോഗപ്പെടുത്തുകയും ചെയ്‌തു അദ്ദേഹം. കറപുരളാത്ത ആത്മാര്‍ഥത, അജയ്യമായ ധൈര്യം എന്നീ രണ്ടു സവിശേഷഗുണങ്ങള്‍ ഇമാം ഗസ്സാലിക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ എടുത്തുപറഞ്ഞിട്ടുണ്ട്‌. 
ഇരുപതാംവയസ്സില്‍ ഗ്രന്ഥരചന ആരംഭിച്ച ഇമാം അന്ത്യം വരെ അതു തുടര്‍ന്നു. നാനൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്‌. പക്ഷേ, എണ്‍പതോളം കൃതികളേ അവശേഷിക്കുന്നുള്ളൂ. ഗ്രന്ഥങ്ങള്‍ക്കു പുറമെ ഉപദേശം തേടിക്കൊണ്ടുള്ള നിരവധി കത്തുകള്‍ക്ക്‌ അദ്ദേഹം മറുപടി എഴുതുകയുണ്ടായി. ദൈവശാസ്‌ത്രം, കര്‍മശാസ്‌ത്രം, തത്ത്വചിന്ത, തസ്വവ്വുഫ്‌, ധര്‍മമീമാംസ, തഫ്‌സീര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഗസ്സാലിയുടെ തൂലിക വ്യാപരിച്ചിട്ടുണ്ട്‌. കവിത തുളുമ്പുന്ന ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. `ഇഹ്‌യാഉ ഉലുമുദ്ദീന്‍' (നാലു വാള്യങ്ങള്‍) ആണ്‌ ഇമാമിന്റെ പ്രശസ്‌ത കൃതി.ഇഖ്വതിസ്വാദ്‌ ഫില്‍ ഇഅ്‌തിഖ്വാദ്‌, അല്‍ മആരിഫ്‌, കീമിയാ സആദഃ, മഖ്വാസ്വിദുല്‍ ഫലാസിഫഃ, അല്‍ മുല്‍ഖിദുമിനള്ളലാല്‍ രിസാലത്തുല്‍ ലദൂന്നിയ്യഃ, തഹാഫതുല്‍ ഫലാസിഫഃ, ഫിക്‌ര്‍ വല്‍ഇബ്‌റാഅ്‌, ഹഖ്വീഖ്വതുര്‍റൂഹ്‌, അഖ്‌ലാഖുല്‍ അബ്‌റാര്‍, ബിദായതുല്‍ ഹിദായഃ, ജവാഹിറുല്‍ ഖുര്‍ആന്‍, മിന്‍ഹാജുല്‍ ആബിദീന്‍, ഖുലാസ്വതുല്‍ ഫിഖ്‌ഹ്‌, വജീസ്‌, മീസാനുല്‍ അമല്‍ മുസ്‌തസ്വ്‌ഫാ, വസീത്വ്‌, ബയാനുല്‍ ഖ്വവ്‌ലയ്‌ന്‍ ലിശ്ശാഫിഈ, ഗായതുല്‍ ഗൗര്‍ എന്നിവ ഇമാമിന്റെ പ്രധാന കൃതികളില്‍ പെടുന്നു. യാഖ്വൂതുത്തഅ്‌വീല്‍ എന്ന പേരില്‍ 40 വാള്യങ്ങളിലുള്ള ഒരു ഖുര്‍ആന്‍ വ്യാഖ്യാനം ഇമാം രചിച്ചെങ്കിലും അതിന്റെ പ്രതികള്‍ ലഭ്യമല്ല.