ഉമ്മാക്ക് | Other Books

Book History

ഉമ്മാക്ക്

 ഒരുനാൾ ഉമ്മാക്ക് സഹായിയായി ഹജ്ജിനു പോകാൻ ഉപ്പ ആവശ്യപ്പെട്ടപ്പോൾ, ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ പലകാര്യങ്ങളിൽ ഒന്നായി എനിക്ക് ഹജ്ജ്. അതുകൊണ്ട് തന്നെ ഹജ്ജിനുവേണ്ടി ഞാൻ ഒരുങ്ങിയിരുന്നില്ല. അന്നോളം ഹജ്ജിനെക്കുറിച്ചോ, അതിലെ കർമ്മങ്ങളെക്കുറിച്ചോ ഗൗരവപൂർവ്വം ചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. സക്കാത്തിനെപ്പറ്റി ചിന്തിക്കാൻ കയ്യിൽ കാശു വല്ലതും വരേണ്ടതുണ്ട്. അതും കവിഞ്ഞൊരു പടി കയറിയെങ്കിലേ ഹജ്ജിനായി കാശു സ്വരൂപിക്കാനാവൂ എന്നതായിരുന്നു ഹജ്ജ് വായനയിലൊതുങ്ങാൻ പ്രധാന കാരണം.

മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയിലൂടെ മരുഭൂമിയെ പ്രണയിക്കാൻ പഠിച്ചു. അലി ശരീഅത്തിയുടെ ഹജ്ജിലൂടെ ഒരു കർമ്മത്തിന്റെ അകമറിഞ്ഞു. പിന്നീട് പല പുസ്തകങ്ങളും വായിച്ചു. സുഹൃത്തും സാമൂഹികപ്രവർത്തകനുമായ അഡ്വ. എ.പി. ബഷീറുമൊന്നിച്ച് ഡൽഹിക്കുള്ള യാത്രാമധ്യേ ബാംഗ്ലൂർ വിമാനത്താവളത്തിലെ പുസ്തകക്കടയിൽ വച്ചാണ് മൈക്കൽ വുൾഫിന്റെ ഹജ്ജ് എനിക്ക് കിട്ടുന്നത്. ആദ്യനോട്ടത്തിൽത്തന്നെ പുസ്തകം എനിക്കിഷ്ടപ്പെട്ടു. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്റെ കണ്ണുകൊണ്ട് വുൾഫ് കണ്ടു.

ഒരുൾവിളിയുടെ പ്രേരണയിൽ ഞാൻ വിവർത്തനം ചെയ്തു. തപ്പിയും തടഞ്ഞും നിന്നും നിരങ്ങിയും മുന്നോട്ട് നീങ്ങുമ്പോൾ ഇതു മുഴുമിപ്പിക്കാനാവുമെന്ന് കരുതിയില്ല. ബിജാപൂരിൽ ജോലിചെയ്യുമ്പോഴും, കാസർഗോഡായിരിക്കുമ്പോൾ ഹസ്സനോടൊപ്പവും, മണിപ്പാലിൽ മറ്റൊരിക്കൽ യാസിറിനോടൊപ്പവും ശ്രമിച്ചു. പക്ഷേ, ഇതെല്ലാം ചേർത്താലും കാൽഭാഗത്തോളം വരില്ല. പ്രബോധനത്തിൽ ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ് പെട്ടെന്ന് ചെയ്തു തീർക്കുവാനുണ്ടായ നിമിത്തം. പ്രസിദ്ധീകരണത്തിനിടെ ആർ യൂസഫുമായി നടത്തിയ ചർച്ചകൾ നന്ദിപൂർവം സ്മരിക്കുന്നു. വായിച്ചു നിർദേശങ്ങൾ തന്ന എ. കെ. അബൂബക്കർ സാഹിബ്(റിട്ട. പോസ്റ്റ് മാസ്റ്റർ, രാമനാട്ടുകര), സുഹൃത്ത് സത്താർ, ഉൾപ്പെടുത്താൻ പറ്റിയില്ലെങ്കിലും ചിത്രങ്ങൾ ശേഖരിക്കാൻ സഹായിച്ച ഡോ. ഉമർ എന്നിവരെ ചേർക്കാതെ ഈ പട്ടിക പൂർത്തിയാകില്ല. പല നിലക്ക് സഹായിച്ച അഷറഫിനെയും റഫീഖിനെയും ആഫ്താബിനെയും ഒപ്പം അവസാന നോട്ടവും ആമുഖവും തീർത്ത അബ്ദുള്ള
മണിമയെയും ഓർക്കുന്നു.

എന്നെ വായിക്കാൻ പ്രേരിപ്പിച്ച സഹനശാലിയായ ഉപ്പ, ഗുരുനാഥൻമാരിൽ പ്രധാനിയായ വല്ല്യുപ്പ എന്നിവർ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആവേശവും ഓർമ്മയുമാണ്. പക്ഷേ, ഉമ്മയായിരുന്നു എല്ലാം. ഉമ്മാക്കുവേണ്ടിയായിരുന്നു എന്റെയും മൈക്കൽ വുൾഫിന്റെയും ഹജ്ജ്. പലരും ഉമ്മമാർക്ക് നൽകാറുള്ള സമ്മാനങ്ങളൊന്നും ഒരിക്കൽ പോലും കൊടുക്കാൻ കഴിയാതിരുന്ന എനിക്ക് ഈയൊരു ഉപഹാരം പകരമാകുമെന്ന വ്യാമോഹത്തോടെ.

                                                                                                                                                                                      ഔസാഫ് അഹ്‌സൻ