ആദ്ധ്യാത്മിക തീർത്ഥാടനത്തിൻ്റെ വായനാനുഭവം | Other Books

Book Review

ആദ്ധ്യാത്മിക തീർത്ഥാടനത്തിൻ്റെ വായനാനുഭവം

Muhammed Raees

ദൈവീകമായ വിശ്വാസത്തിന്റെ ദാർശനികവും താത്വികവും ആത്മീയവും കാവ്യാത്മവുമായ അർത്ഥ തലങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യുന്ന കൃതികൾ മലയാള ഭാഷയിൽ നന്നേ കുറവാണ്. ആധുനിക കാലത്ത് ദൈവീകതയുടെ, വിശ്വാസത്തിന്റെ, മാധുര്യം തിരിച്ചറിഞ്ഞ എഴുത്തുകാർ പൗരസ്ത്യ ദേശത്തേക്കാൾ പാശ്ചാത്യർക്കിടയിലാണ് കൂടുതലും എന്ന് പറയാതെ വയ്യ.

മലയാളി വായനക്കാർക്കു മുന്നിൽ അത്തരം എഴുത്തുകാരുടെ പുസ്തകങ്ങളുടെ പരിഭാഷകൾ അതിന്റെ ആഴവും ഭാവവും മാധുര്യവും നഷ്ടപ്പെടാതെ സമർപ്പിക്കുന്ന വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് Other Books ചെയ്യുന്നത്. (അദർ ബുക്സിനെ പരിചയപ്പെടുത്തിയ ജാബിക്കയെ Jabir Malabari സ്നേഹപൂർവ്വം ഓർക്കുന്നു)

മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയെക്കാളും (Road to Mecca) പ്രിയം തോന്നുന്നത് മൈക്കൽ വൂൾഫിന്റെ ഹാജിയോടാണ്. ഒരു പാശ്ചാത്യന്റെ കണ്ണുകളിലൂടെ ഹജ്ജെന്ന മഹാ ത്യാഗത്തെ, മഹത്തായ കർമ്മത്തെ നമുക്ക് കാണാം. ദൈവീകമായ വിശ്വാസം പിന്തുടരുന്ന ഒരാൾക്ക് ആരോഗ്യവും സമ്പത്തും അനുവദിക്കുന്നുവെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കർമ്മമാണ്‌ ഹജ്ജ്. കേവലം ഒരു കർമ്മം എന്നതിൽ കവിഞ്ഞ്, ഹജ്ജിന്റെ ആത്മീയമായ ഭാവങ്ങൾ തിരിച്ചറിയാൻ ഭാഗ്യം സിദ്ധിച്ചവർ കുറവാണ്. വിശ്വാസത്തിന്റെ ആത്മീയ-ദാർശനിക-മാനവിക ഭാവങ്ങൾ നഷ്ടപ്പെടുന്ന, ആരാധന എന്നത് ആത്മാവില്ലത്ത വെറും കർമ്മങ്ങൾ മാത്രമായി പോവുന്ന കേരളീയ സമൂഹത്തിനു ഒരു വഴികാട്ടിയാണ് മൈക്കൽ വൂൾഫിന്റെ ഹാജി എന്ന പുസ്തകം.

സൂഫീ ചിന്താ ധാരയുടെ ചില പ്രതിഫലനങ്ങൾ ഹാജിയിൽ കാണാൻ കഴിയുന്നത് യാദൃശ്ചികം മാത്രമാണെന്ന് പറയാനാവില്ല. ജന്മം കൊണ്ട് ദൈവീക മതത്തെ പുൽകിയവർക്കു പോലും കണ്ടെത്താനാവാത്ത ആത്മീയയമായ ഒട്ടേറെ അനുഭൂതികൾ, ദൈവികതയുടെ അത്യപൂർവ്വമായ ചില സ്നേഹ ഭാവങ്ങൾ മൈക്കൽ വുൾഫ് തന്റെ ഹജ്ജ് യാത്രയിൽ തിരിച്ചറിയുന്നു.

പുസ്തകത്തിന്റെ പുറം ചട്ടയിലെ വരികൾ കടമെടുത്താൽ,
"ഒരു നോവലിന്റെ ആഖ്യാനവും കവിതയുടെ ഭാഷാമികവും ആഴമേറിയ ദാർശനിക ചിന്തകളും കൊണ്ട് സമ്പന്നമായ കൃതി.
ലാളിത്യം നിറഞ്ഞ ആഖ്യാന ശൈലി.
സഹയാത്രികരെയും, കെട്ടിടങ്ങളേയും എന്ന് വേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്റെ കണ്ണ് കൊണ്ട് കണ്ട ഒരു കൃതി."

ഒരിക്കലെങ്കിലും കണ്ടവർക്ക് പിന്നെയും പിന്നെയും കാണാനും കണ്ടിട്ടില്ലാത്തവർക്ക് ഒരിക്കലെങ്കിലും കാണാനും ആഗ്രഹിക്കുന്ന, ലോകത്തിലെ ആദ്യ ദേവാലയമായ വിശുദ്ധ കഅബ. വായനക്കാരൻ കഥാകാരനൊപ്പം ഇവിടെ ഒരു ഹാജിയായി മാറുന്നു.

മനോഹരമായ ഈ പുസ്തകത്തെ മലയാളി വായനക്കാരിലെത്തിച്ച അദർ ബുക്സിനും പരിഭാഷകൻ പ്രിയ Auswaf Ahsan സാറിനോടുമുള്ള ഹൃദയംഗമമായ നന്ദി. 
ഇനിയും മൈക്കിൾ സൂഗിച്ചിന്റെ 'ദി സൈൻ ഓൺ ദി ഹൊറൈസൺ (The signs on the Horizons)' , മൈക്കിൾ വൂൾഫിന്റെ തന്നെ '1000 റോഡ്സ് ടു മക്ക ' തുടങ്ങിയ ഒട്ടേറെ നല്ല പുസ്തകങ്ങൾ അദർ ബുക്സിലൂടെ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കാം...