സ്ത്രീയും പാരമ്പര്യത്തിൻ്റെ പുനർവായനയും | Other Books

Book Review

സ്ത്രീയും പാരമ്പര്യത്തിൻ്റെ പുനർവായനയും

Muhammed Raees

'സ്ത്രീ സ്വാതന്ത്യം' എന്നും ചൂടുപിടിച്ച ചർച്ചകൾക്കുള്ള വിഷയമാണ്. 'ഇസ്ലാമും സ്ത്രീയും' എന്ന വിഷയമാവട്ടെ ഒരേസമയം ലിംഗ-സമത്വവാദികളുടെയും ഇസ്‌ലാമിക പ്രഭാഷകന്മാരുടെയും വിമർശകരുടെയും ഇഷ്ടഭാഗവുമാണ്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഒരു ആഫ്രോ-അമേരിക്കൻ കുടുംബത്തിൽ ജനിച്ച, തന്റെ സത്യാന്വേഷണങ്ങളിലൂടെ ഇസ്‌ലാം ആശ്ലേഷിച്ച, തുടർന്ന് നിരന്തരമായ പഠനങ്ങളിലൂടെ ഒരു പണ്ഡിതയുടെ സ്ഥാനത്തേക്കുയർന്ന 'ആമിന വദൂദിന്റെ' ഖുർആൻ ഒരു പെൺവായന എന്ന പുസ്തകം വായനക്കെടുക്കുന്നത്. ഇത് സമത്വവാദികൾക്കും വിമർശകർക്കും ഒരു നേട്ടവും സമ്മാനിക്കില്ലെന്നും വിശ്വാസത്തിന്റെ മാധുര്യമനുഭവിച്ചറിഞ്ഞവർക്ക് മറ്റൊരു കാഴ്ചപ്പാട് നൽകുന്ന ഗ്രന്ഥം മാത്രമാണെന്നും ആദ്യമേ പറയട്ടെ.

Quran & Women: Re-reading the Sacred Texts From a Women's Perspective എന്ന പുസ്തകത്തെ മൊഴിമാറ്റം നടത്തി ഖുർആൻ ഒരു പെൺവായന എന്ന പേരിൽ മലയാള വായനക്കാരിലെത്തിക്കുന്നത് അദർ ബുക്സ് ആണ്.

ഇസ്‌ലാം എന്ന വിശ്വാസ-കർമ്മ സംഹിതയുടെ അടിസ്ഥാന പ്രമാണമായ ദൈവീകവചനങ്ങളുടെ -വിശുദ്ധ ഖുർആനിന്റെ- ഒരു സ്ത്രീപക്ഷ വ്യാഖ്യാനത്തിന്റെ പ്രസക്തിയാണ് ആമിന വദൂദ് ചർച്ച ചെയ്യുന്നത്. സ്ത്രീപക്ഷത്തു നിന്നുള്ള ഖുർആനിന്റെ വ്യാഖ്യാനം പലരും സംശയത്തോടെയും തെറ്റിദ്ധാരണയോടെയും നോക്കിക്കാണുന്നു എന്നത് ദുഖകരമായ ഒരു വസ്തുതയാണ്. അത് Quran & Women: Re-reading the Sacred Texts From a Women's Perspective എന്ന മൂലകൃതി നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചുള്ള എഴുത്തുകാരിയുടെ സാക്ഷ്യത്തിൽ നിന്നു തന്നെ വ്യക്തമാണ്.

വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാതാക്കളിൽ ഭൂരിഭാഗവും പുരുഷ കേന്ദ്രീകൃതമാണെന്നും അതുകൊണ്ടു തന്നെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണം ആവശ്യമാണെന്നും ആമിന വദൂദ് സമർത്ഥിക്കുന്നു.

മുസ്ലിം സ്ത്രീകൾ തലമുടി മറക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു ട്രോൾ പോസ്റ്റ് ഈയിടെ സ്വതന്ത്രചിന്താഗതിക്കാരനായ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു. നിരീശ്വരവാദത്തിന്റെ സൂക്ഷ്മ ദർശിനിനിയിൽ ദൈവത്തിനു സ്വയം സമർപ്പിക്കുക, ദൈവീകനിയമങ്ങൾ പരിമിതമായ മനുഷ്യയുക്തിക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും ശിരസ്സാവഹിക്കുക എന്നതിന്റെ 'യുക്തി' കണ്ടെത്താൻ കഴിയില്ലെന്നു വന്നേക്കാം. സ്ത്രീ എന്നത് ഇസ്‌ലാമിക കാഴ്ചപ്പാടിൽ വിലപിടിപ്പുള്ള ഒന്നാണെന്നു മനസ്സിലാക്കാൻ, തന്റെ ശരീരവും സംസാരവും ചിന്തകളും താൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ മാത്രം പ്രദർശിപ്പിക്കാൻ സ്ത്രീക്ക് അവകാശവും സ്വാതന്ത്യവും നൽകുന്ന, ഒരു പരസ്യ പ്രദർശനത്തിനുള്ള വസ്തുവായി അവളുടെ വ്യക്തിത്വത്തെ മാറ്റാതിരിക്കാനുള്ള, വിശ്വാസത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാൻ മാത്രം വിശാലത യുക്തിവാദം ഇന്നും ആർജിച്ചിട്ടില്ല.

ശാരീരികവും മാനസികവും വൈകാരികവുമായ അന്തരങ്ങൾ സ്ത്രീ പുരുഷന്മാർക്കിടയിൽ ഉണ്ടെങ്കിലും വിശ്വാസ കാര്യങ്ങളിൽ, ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്നു പറയുന്ന മതത്തെ ഉൾക്കൊള്ളാൻ പൊതുസമൂഹത്തിന്ന് ഇന്നും കഴിഞ്ഞിട്ടില്ല. സ്ത്രീക്കും പുരുഷനും അവരുടേതായ കർമ്മ മേഖലകളും അവയ്ക്കു മേൽ ഭരണാധികാരവും ഈ വിശ്വാസം നൽകുന്നു. അവളുടെ വ്യക്തിത്വവികാസവും വൈജ്ഞാനിക വളർച്ചയും അതോടൊപ്പം ഉറപ്പുവരുത്തുന്നു.

ഇത്തരം വിഷയങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചകൾ ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പക്ഷെ, കേരളീയ സാഹചര്യങ്ങളിൽ 'വഫിയ്യ' എന്ന സമന്വയ വിദ്യാഭ്യാസ രീതിയിലൂടെ സ്ത്രീകൾക്കിടയിൽ നിന്നു സ്ത്രീകൾക്ക് വേണ്ടി വളർന്നു വരുന്ന പണ്ഡിതകളെ, യാഥാസ്ഥികരെന്നും പാരമ്പര്യ വാദികളെന്നും വിമർശകർ വിളിക്കുന്ന അതേ നേതൃത്വം വളർത്തിക്കൊണ്ടു വരുന്നത് പലരും കാണാതെ പോവുന്നു.

'ഖുർആൻ ഒരു പെൺവായന' യുടെ അവതാരികയിലും നിരൂപണങ്ങളിൽ പോലും യാഥാസ്ഥിതിക മുസ്ലിംകളെ വിമർശന-സംശയ ദൃഷ്ടിയോടെ കാണുന്നതായി അനുഭവപ്പെടുന്നു. ഒരുപക്ഷെ, വഫിയ്യ , സുഹ്രവിയ്യ തുടങ്ങിയ പണ്ഡിത വനിതകളെ വളർത്തിക്കൊണ്ടു വരുന്ന 'സമസ്ത' എന്ന മഹത്തായ ഒരു ആത്മീയ-പാരമ്പര്യ-സൂഫീ-പണ്ഡിത നേതൃത്വത്തെ അവർ കാണാതെ പോയി എന്ന് പറയാതെ വയ്യ. ആഗോള തലത്തിൽ ശ്രദ്ധേയമായ ആംഗലേയ ഭാഷാ പുസ്തകങ്ങൾ മലയാളി വായനക്കാരിലെത്തിക്കുകയെന്ന മഹത്തായ ഒരു ധർമ്മം നിർവഹിക്കുന്ന അദർ ബുക്സ്, ഖുർആൻ ഒരു പെൺവായനയുടെ പുതിയ പതിപ്പിലെങ്കിലും അവതാരികയിൽ ഒരു പുനർവിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ത്രീയുടെ അവകാശങ്ങളും അവളോടുള്ള ബാധ്യതകളും പറയുന്നതോടൊപ്പം അതെങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാമെന്നു കൂടി ഇസ്ലാം വിഭാവനം ചെയ്യുന്നു. പക്ഷെ പലപ്പോഴും നാം പരാജയപ്പെടുന്നത് ഇവിടെയാണ്. ദിവ്യമായ അതിരുകളിൽ നിന്ന്കൊണ്ട് സ്ത്രീ തന്റെ വ്യക്തിത്വം ആവിഷ്കരിക്കുമ്പോൾ ആ അതിരുകൾ തിരിച്ചറിയാനുള്ള ശേഷിയും അതിന്റെ പവിത്രതയും പ്രാധാന്യവും നമുക്ക് നഷ്ടപ്പെടുന്നു.

പാശ്ചാത്യ റാഡിക്കൽ ഫെമിനിസത്തിൽ നിന്നും ഒരു ഇസ്‌ലാമിക ഫെമിനിസത്തിന്റെ വേറിട്ട ചിന്തയാണ് പുസ്തകം വായനക്കാരന് സമ്മാനിക്കുന്നത്. കുടുംബം, മാതൃത്വം, ശിശുപരിപാലനം തുടങ്ങിയവയെല്ലാം പരിഗണിക്കുന്ന, ഇസ്ലാം അഭയമാണെന്ന് വിശ്വസിക്കുന്ന, ഖുർആനിന്റെ സാർവ്വലൗകികത ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ ചിന്തകളാണ് ഇതിലെങ്ങും.

സ്ത്രീയും പുരുഷനും ഒന്നിച്ചരിക്കുന്നതും സ്ത്രീ പുരുഷനെപ്പോലെ ആവാൻ ശ്രമിക്കുന്നതുമാണ് ലിംഗസമത്വം എന്ന ചിന്തയോട് യോജിക്കാൻ വയ്യ. സ്ത്രീ സമൂഹത്തിന് അവരുടെ അസ്തിത്വവും വ്യക്തിത്വവും തിരിച്ചറിയപ്പെടാനും വിശാലമായ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കാനും സാധിക്കേണ്ടിയിരിക്കുന്നു. സ്ത്രീജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സാധ്യതകളും അവർക്കിടയിൽ തന്നെ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പുരുഷസഹായമില്ലാതെ സാധിക്കുന്ന ഒരു തലത്തിലേക്ക് നയിക്കേണ്ടതാണ് സ്ത്രീ ശാക്തീകരണം എന്നെനിക്ക് തോന്നുന്നു. അതിന് സമൂഹത്തെ പ്രാപ്തരാക്കാനും മുന്നോട്ടു നയിക്കാനും ഭൗതികവും സാംസ്കാരികവും ആത്മീയവുമായ പാണ്ഡിത്യം കൈവരിച്ചവർ അവർക്കിടയിൽ നിന്നു തന്നെ ഉയർന്നു വരേണ്ടിയിരിക്കുന്നു.

അത് തന്നെയാണ് ആമിന വദൂദ് തന്റെ ഗവേഷണ നിരീക്ഷണങ്ങളുടെ പിൻബലത്തിൽ സ്വപ്നം കണ്ടതും ഒരു സ്ത്രീപക്ഷ ഖുർആൻ വ്യാഖ്യാനത്തിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിച്ചതും. എന്നാൽ ഇതേ ചിന്തയും ദീർഘവീക്ഷണവും കൊണ്ടു തന്നെയാണ് കേരളീയ മുസ്ലിം സ്ത്രീയുടെ വൈജ്ഞാനിക-ആത്മീയ പുരോഗതി ലക്‌ഷ്യം വെച്ചു കൊണ്ട് നമ്മുടെ പാരമ്പര്യവാദികളെന്നും യാഥാസ്ഥിതികരെന്നും വിളിക്കപ്പെടുന്ന പണ്ഡിത നേതൃത്വം 'വഫിയ്യ' എന്ന മഹത്തായ ഒരു വൈജ്ഞാനിക മണ്ഡലം തുറന്നു വെച്ചിരിക്കുന്നത്.

പാശ്ചാത്യ നാടുകളിലെ മുസ്ലിം സമൂഹങ്ങളിൽ കാണുന്ന 'ഷെയ്‌ഖ' , 'ഉസ്താദ' എന്നീ പാണ്ഡിത്യ സ്ഥാനപ്പേരുകൾ തന്നെയാണ് 'വഫിയ്യ'യിലൂടെയും സാക്ഷാത്കരിക്കപ്പെടുന്നത്. പുതിയ കാഴ്ചപ്പാടുകളെയും ചിന്താസരണികളെയും അവതരിപ്പിക്കുന്നതോടൊപ്പം നമുക്ക് മുന്നിലെ പ്രതീക്ഷയുടെ ഈ വഴിവിളക്കുകൾ കാണാതെ പോവരുത്.

ഇനിയും ഒട്ടേറെ ചിന്തോദ്ധീപകമായ സൃഷ്ടികൾ അദർ ബുക്സിലൂടെ വായനക്കാരിലെത്തുമെന്ന പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ,

-മുഹമ്മദ് റഈസ്.പി.സി.