Biography
AS Ajith Kumar
1991-95ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ പഠനം. പാശ്ചാത്യസംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇരുപതു വര്‍ഷത്തിലേറെയായി കീബോര്‍ഡ്, ഗിറ്റാര്‍ എന്നിവ പഠിപ്പിച്ചുവരുന്നു. 1995ല്‍ അമേരിക്കയില്‍ നിന്നുള്ള സംഗീതജ്ഞന്‍ കാസ്റ്റൻ ഷ്രൂവറിനോപ്പം ഒരു അന്തര്‍ദേശീയ ആല്‍ബത്തിനുവേണ്ടി ആദ്യത്തെ റെക്കോര്‍ഡിംഗ് ചെയ്തുകൊണ്ട് സംഗീതസംവിധാനരംഗത്ത് വന്നു. 2007ല്‍ സെനഗല്‍-ഫ്രഞ്ച് മ്യൂസിക് നിർമാതാവായ കരിം മിസ്കിനുവേണ്ടി ഒരു അന്തര്‍ദേശീയ ആല്‍ബത്തിന് സംഗീതം റെയ്തു. ലീനാ മണിമേഖലയുടെ വൈറ്റ് വാന്‍ സ്റ്റോറീസ് (2013), കെ. ആര്‍. മനോജിന്റെ A Pestering Journey (2011), പി. അഭിജിത്തിന്റെ ട്രാന്‍സ് (2015), അവളിലേക്കുള്ള ദൂരം (2016), ഗോപാല്‍ മേനോന്റെ Then They Came for Me (2015), ഹാഷിര്‍ കെ മുഹമ്മദിന്റെ മെയ് 17 ബീമാപള്ളി-എ കൗണ്ടര്‍ സ്റ്റോറി (2013) തുടങ്ങിയ ഡോക്യുമെന്ററികള്‍ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചു. ദർബോണി എന്ന ചലച്ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ചെയ്തുകൊണ്ട് ചലച്ചിത്ര സംഗീതമേഖലയില്‍ അരങ്ങേറ്റം കുറിച്ചു. 2012ല്‍ സംഗീതത്തിലെ ജാതിയെക്കുറിച്ചുള്ള 3D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.
പച്ചക്കുതിര, മാതൃഭൂമി, മാധ്യമം തുടങ്ങിയ ആനുകാലികങ്ങളിലും ഉത്തരകാലം, അഴിമുഖം, kafila.org, Round Table India എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേജസ് ദിനപത്രത്തിലും അഴിമുഖം വെബ്‌ജേര്‍ണലിലും കോളമിസ്റ്റായിരുന്നു.